Sunday, July 19, 2009

നിന്നെ തേടുന്നത്‌...

യാത്രയില്‍ നീ കൂടെ പോരൂ, പോകാന്‍ ഇനിയുമേറെ ദൂരം. അനന്തമായ ദൂരം. കാട്ടരുവിയുടെ ആ ദൂരത്തെക്കാള്‍ ദൂരം. മഹാകാലത്തിന്റെ ദൂരം. ആ ദൂരം മറികടക്കാന്‍ നീ കൂടെ പോരൂ... നീ മാത്രം പോരൂ... സഖീ എന്റെ വിളി കേള്‍ക്കുന്നില്ലേ? ഈ ആത്മാവിന്റെ വിങ്ങല്‍ അറിയുന്നില്ലേ? നീ എവിടെയായാലും എന്തായാലും ഈ വിളി കേള്‍ക്കാതിരിക്കാനാവില്ല. കാരണം നീ എന്റെതാണ്. എന്റേത് മാത്രം. ഒരിക്കല്‍ എന്നില്‍ നിന്നും തെറിച്ചുപോയ ആ പാതിയാണ് നീ. ആ പാതിയില്ലെങ്കില്‍ എങ്ങനെ ഞാന്‍ പൂര്‍ണനാകും... എങ്ങനെയാണ് ഞാന്‍ ശാന്തി നേടുക! എന്റെ പ്രണയമേ പറയുക, ഇക്കാലമത്രയും ഒളിഞ്ഞിരുന്നിട്ടും ഇനിയും എന്നിലേക്ക്‌ വരാന്‍ മടിക്കുന്നതെന്ത്? നിനക്കു എന്താണ് സംഭവിച്ചത്? നീ മറ്റേതെങ്കിലും ശിഖരത്തില്‍ ഒടുങ്ങിയോ പ്രാവേ? എങ്കിലും ആ ശിഖരത്തില്‍ നിന്നും നിനക്കു വരാതിരിക്കാനാവില്ല. കാരണം ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. എന്റെ ആത്മാവിന്റെ ദാഹമകറ്റാന്‍ വരിക. ഞാന്‍ നിന്നില്‍ ലയിക്കട്ടെ. നമുക്കാ പഴയ ബിന്ദുവിലേക്ക് മടങ്ങാം. എത്ര വിവശമീ യാത്ര. എന്റെ നയനങ്ങള്‍ നിന്നെ തേടി കൊണ്ടേയിരിക്കുന്നു...

നാം നമുക്ക് മാത്രമായി...

നിന്നെ കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഹൃദയത്തിന് കത്ത്പിടിക്കുന്നു. ചില്ലത്തെങ്ങില്‍ കാറ്റ് പിടിക്കും പോലെ ഞാന്‍. മഞ്ഞു പെയ്യുന്ന, മഴ പെയ്യുന്ന സന്ധ്യകള്‍ കോരിയിടുന്ന ഭ്രാന്തമായ ചിന്തകള്‍.. എന്റെ പ്രിയേ നിന്നെ അപ്പോള്‍ കാണാതെയാകുന്നു. നീ വിടെയാണ്? എവിടെയോ ഒരിടത്തു, എന്തെല്ലാമോ ചിന്തകളില്‍ മുഴുകി നീ ഇരുപ്പുണ്ട്‌. ആ ചിന്തകളുടെ ഉന്നം ഞാന്‍ ആയെങ്കില്‍, ഞാന്‍ മാത്രം... പോരെപ്പോരെ ഞാനറിഞ്ഞു നീ അകലെയല്ല, ചാരെയുമല്ല... പിന്നെയോ എന്നില്‍... നീയും ഞാനുമെന്ന വേര്‍തിരിവില്ലാതെ അങ്ങനെയങ്ങനെ... ഒരു നൊമ്പരമായി, നെടുനിശ്വാസമായി...
ഇടനെഞ്ചില്‍ ഭാരം അനുഭവപ്പെടുമ്പോള്‍ ഞാനറിയുന്നു, സഖീ നീ എന്നെ കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങിയതായി... അപ്പോള്‍ ഞാന്‍ പാളവും നീയോ എന്നില്‍ ലയിച്ച മഞ്ഞു തുള്ളിയും. നമ്മുടെ കാലം നമ്മിലൂടെ ചൂളം കുത്തി പോകുന്ന തീവണ്ടിയും. കാലം പോകുന്നു. നാമോ എവിടേക്കും പോകാതെ ഇങ്ങനെ ...
വീണ്ടും എന്തിനാണീ മനസ്സ് ആതികാലത്തേക്ക്, എന്തിനു കാലം ഉണ്ടാകുന്നതിനും മുമ്പുള്ള ആ അവസ്ഥയിലേക്ക് ഇങ്ങനെ പോയികൊണ്ടിരിക്കുന്നത്. എന്റെ ദേവീ, രാപകലുകള്‍ ഉണ്ടാകുന്നതിനു മുമ്പ് ആ മങ്ങിയ വെട്ടത്തിലെ സഞ്ചാരിയായി നാം. ഏതോ ഒരു മഞ്ഞു താഴ്വരയില്‍ ഉണ്ണാതെ ഉറങ്ങാതെ അങ്ങനെ തുടിച്ചത്‌. നാം സംസാരിച്ചത്‌ പ്രണയത്തിന്റെ ആ മൌനമായ ഭാഷയില്‍. അതെത്ര മധുരം. എത്ര വാചാലം. എത്ര അനന്തം. അത് പ്രണയിക്കുന്നവര്‍ക്ക് മാത്രം വഴങ്ങുന്ന ഭാഷ. ദൈവത്തിന്റെ സ്വന്തം ഭാഷ.
അന്ന് മനുഷ്യ കുപ്പായമില്ലാതെ നാം. ചിലപ്പോള്‍ മൂടല്‍ മഞ്ഞിലൂടെ തുഴഞ്ഞു. ചിലപ്പോള്‍ ആകാശത്തോളം നീന്തി. ആ യാത്രയില്‍ ചിലപ്പോള്‍ കൊതിച്ചു, അഹങ്കരിച്ചു ഇനിയും ഉയരേക്ക്... എന്തിന് വേര്‍പാടുകള്‍ ഇല്ലെന്നു പോലും ചിന്തിച്ചത്‌. എന്നും അങ്ങനെ ഒറ്റ ബിന്ദുവായി കഴിയാമെന്ന മോഹം. എന്നും ഒന്നാവാന്‍ കൊതിച്ചത് നമ്മുടെ തെറ്റല്ല. ഒന്നാവണം എന്നത് അനിവാര്യമായ സത്യം. ആശകളുടെ കണ്ണാടി കൂട്ടില്‍ നാം നമുക്ക് മാത്രമായി...

നിനക്കായി ഞാന്‍ ...

രാപകലുകള്‍ കാലത്തെ തട്ടുകളായി തിരിക്കുന്നുണ്ട്. തിരിച്ചറിവിന് വേണ്ടി... അത് പോലെയാണോ എന്നെയും നിന്നെയും തമ്മില്‍ ആ പരാശക്ത്തി തിരിച്ചത്, നീ പെണ്ണും ഞാന്‍ ആണുമായത്‌... ആത്മാവിന് അങ്ങനെ ഒന്നുണ്ടോ? ഇരുട്ടിനെ കാട്ടാളനായ പുരുഷനും പകലിനെ സ്ത്രീയിലേക്കും... ആ കലാകാരന്‍ എന്തിനു അങ്ങനെ ഒരു വിടവുണ്ടാക്കി? അന്നാണല്ലോ കാലത്തിനു ചലന ശേഷി ഉണ്ടായത്. അല്ലെങ്കില്‍ അങ്ങനെ ചലനം ഉണ്ടെന്നു തോന്നിക്കപ്പെട്ടത്‌. അന്നുതന്നെയാണ് ആദ്യ രതിയുണ്ടായത്. ഇരുട്ടും പകലും ഇണ ചേര്‍ന്ന്. കാലം മൂകതയോടെ അതത്രയും ഏറ്റുവാങ്ങി. ഇരുട്ടിനു ഇണയായി പകല്‍ സൃഷ്ട്ടിക്കപ്പെട്ടത്തില്‍ കാലത്തിനു വേദനയോ? കാലത്തിനു ഇണയില്ലായിരുന്നു. കാലം ആണല്ല. പെണ്ണുമല്ല. കാലം ഒരു ചലനമായോ അങ്ങനെ അല്ലാതെയോ.... ഭൂമി അതിന്റെ അച്ചുദണ്ടില്‍ ‍ ആലംബമില്ലാതെ കറങ്ങി. ഒരുവേള നമുക്ക് മുന്നില്‍ ഒരു വണ്ടി ഇളകുമ്പോള്‍ നിശ്ചലമായ വണ്ടിയില്‍ ഇരിക്കുന്ന നമുക്ക് നമ്മുടെതാണ്‌ ചാലിക്കുന്നത്‌ എന്ന് തോന്നുന്നത് പോലെയല്ലേ കാലം ചലിക്കുന്ന പ്രദിഭാസവും....
സന്ധ്യകള്‍ ക്രീടകളുടെതായി. പകലോ വെളുപ്പാന്‍ കാലത്ത് പുരുഷന്റെ ഭാരത്തില്‍ നിന്നും കുതറാന്‍ വെമ്പി. നാം അപ്പോഴും ഒരു ബിന്ദുവായി തുടര്‍ന്നു.
ഒരു നാള്‍ ദൈവം ആ സൃഷ്ട്ടി പീഠത്തില്‍ കയറിയിരുന്നു. എന്തിനാണ് ആ ഇരുപ്പെന്നു നിശ്ചയമില്ലാതെ നാം. അത് മനുഷ്യ സൃഷ്ട്ടിയുടെ വേളയെന്നു പിന്നീടാണ് നാം അറിയുന്നത്. അപ്പോഴേക്കും മഞ്ഞു തുള്ളി കണക്കെ കഴിഞ്ഞ നാം രണ്ടു ശരീരങ്ങളിലേക്ക്, രണ്ടു ധൃവങ്ങളിലെക്കെന്ന പോലെ തെറിച്ചു പോയിരുന്നു.
ഞാന്‍ പിറന്നു.
നീ പിറന്നു.
ഞാനോ പുരുഷന്‍,
നീ സ്ത്രീയും.
പിന്നീട് നിന്നെ തേടി ഞാന്‍ അലയാത്ത ഇടങ്ങളില്ല. എനിക്ക് നഷ്ടമായ നിന്നെ ഓരോ സ്ത്രീ ഹൃദയങ്ങളിലും തിരഞ്ഞു. നിന്നെ മാത്രം കണ്ടില്ല.
മരുഭൂമിയുടെ പിരിയന്‍ കാറ്റില്‍, ആകാശത്തേക്ക് തുറന്ന കടലിന്റെ കൂറ്റന്‍ തിരകളില്‍, മഴയിലും മഞ്ഞിലും ഞാന്‍ നിന്നെ തേടി.
നീ എവിടെയെന്നു എനിക്ക് അറിയില്ലായിരുന്നു. എങ്കിലും എന്റെ ഹൃദയത്തില്‍ മൂടല്‍ മഞ്ഞിലെന്നോണം നിന്നെ കണ്ടിട്ടുണ്ട്, അവ്യക്ത്തമായി. ഒരു കൈ തലക്കീഴെ വച്ച് ഒരു കാല്‍ കുത്തി വച്ച് നീ നഗ്നയായി കിടന്നത്. എന്റെ നിദ്രകളില്‍ ചിലപ്പോള്‍ മുഖംമൂടിയണിഞ്ഞു നീ വന്നു. ചിലപ്പോള്‍ അകലെയിരുന്നു എന്നെ മാടി വിളിച്ചു.
നീയെവേടെയാണ് സഖീ? നിന്നെ ഏതെല്ലാം നാമത്തില്‍ ഞാന്‍ വിളിച്ചു. എങ്കിലും എല്ലാ നാമത്തിലും ഗ്രാമീണ ചുവയുണ്ടായിരുന്നു. ഓരോ വിളിയും അകലേക്ക്, ഒന്നിനും മറുപടിയില്ലാതെ ...എന്റെ സ്വപങ്ങളിലെ രാജകുമാരിയായി നീ. നിനക്കായി ഞാന്‍ എത്ര പ്രണയകുറിപ്പുകള്‍ എഴുതി. എന്റെ നൊമ്പരങ്ങള്‍ അതില്‍ പകര്‍ത്തി. നീ വായിച്ചില്ല. എന്റെ നൊമ്പരങ്ങള്‍ നീ കേള്‍ക്കുന്നു എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. കാരണം നിനക്ക് കേള്‍ക്കാതിരിക്കാന്‍ ആവില്ല. നാം പണ്ട് വേര്‍പ്പെട്ട ആ ബിന്ദുവല്ലെ.

Back to TOP