Sunday, July 19, 2009

നാം നമുക്ക് മാത്രമായി...

നിന്നെ കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഹൃദയത്തിന് കത്ത്പിടിക്കുന്നു. ചില്ലത്തെങ്ങില്‍ കാറ്റ് പിടിക്കും പോലെ ഞാന്‍. മഞ്ഞു പെയ്യുന്ന, മഴ പെയ്യുന്ന സന്ധ്യകള്‍ കോരിയിടുന്ന ഭ്രാന്തമായ ചിന്തകള്‍.. എന്റെ പ്രിയേ നിന്നെ അപ്പോള്‍ കാണാതെയാകുന്നു. നീ വിടെയാണ്? എവിടെയോ ഒരിടത്തു, എന്തെല്ലാമോ ചിന്തകളില്‍ മുഴുകി നീ ഇരുപ്പുണ്ട്‌. ആ ചിന്തകളുടെ ഉന്നം ഞാന്‍ ആയെങ്കില്‍, ഞാന്‍ മാത്രം... പോരെപ്പോരെ ഞാനറിഞ്ഞു നീ അകലെയല്ല, ചാരെയുമല്ല... പിന്നെയോ എന്നില്‍... നീയും ഞാനുമെന്ന വേര്‍തിരിവില്ലാതെ അങ്ങനെയങ്ങനെ... ഒരു നൊമ്പരമായി, നെടുനിശ്വാസമായി...
ഇടനെഞ്ചില്‍ ഭാരം അനുഭവപ്പെടുമ്പോള്‍ ഞാനറിയുന്നു, സഖീ നീ എന്നെ കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങിയതായി... അപ്പോള്‍ ഞാന്‍ പാളവും നീയോ എന്നില്‍ ലയിച്ച മഞ്ഞു തുള്ളിയും. നമ്മുടെ കാലം നമ്മിലൂടെ ചൂളം കുത്തി പോകുന്ന തീവണ്ടിയും. കാലം പോകുന്നു. നാമോ എവിടേക്കും പോകാതെ ഇങ്ങനെ ...
വീണ്ടും എന്തിനാണീ മനസ്സ് ആതികാലത്തേക്ക്, എന്തിനു കാലം ഉണ്ടാകുന്നതിനും മുമ്പുള്ള ആ അവസ്ഥയിലേക്ക് ഇങ്ങനെ പോയികൊണ്ടിരിക്കുന്നത്. എന്റെ ദേവീ, രാപകലുകള്‍ ഉണ്ടാകുന്നതിനു മുമ്പ് ആ മങ്ങിയ വെട്ടത്തിലെ സഞ്ചാരിയായി നാം. ഏതോ ഒരു മഞ്ഞു താഴ്വരയില്‍ ഉണ്ണാതെ ഉറങ്ങാതെ അങ്ങനെ തുടിച്ചത്‌. നാം സംസാരിച്ചത്‌ പ്രണയത്തിന്റെ ആ മൌനമായ ഭാഷയില്‍. അതെത്ര മധുരം. എത്ര വാചാലം. എത്ര അനന്തം. അത് പ്രണയിക്കുന്നവര്‍ക്ക് മാത്രം വഴങ്ങുന്ന ഭാഷ. ദൈവത്തിന്റെ സ്വന്തം ഭാഷ.
അന്ന് മനുഷ്യ കുപ്പായമില്ലാതെ നാം. ചിലപ്പോള്‍ മൂടല്‍ മഞ്ഞിലൂടെ തുഴഞ്ഞു. ചിലപ്പോള്‍ ആകാശത്തോളം നീന്തി. ആ യാത്രയില്‍ ചിലപ്പോള്‍ കൊതിച്ചു, അഹങ്കരിച്ചു ഇനിയും ഉയരേക്ക്... എന്തിന് വേര്‍പാടുകള്‍ ഇല്ലെന്നു പോലും ചിന്തിച്ചത്‌. എന്നും അങ്ങനെ ഒറ്റ ബിന്ദുവായി കഴിയാമെന്ന മോഹം. എന്നും ഒന്നാവാന്‍ കൊതിച്ചത് നമ്മുടെ തെറ്റല്ല. ഒന്നാവണം എന്നത് അനിവാര്യമായ സത്യം. ആശകളുടെ കണ്ണാടി കൂട്ടില്‍ നാം നമുക്ക് മാത്രമായി...

No comments:

Back to TOP